കുട്ടികൾക്ക് മികച്ച പഠനപരിസരം ഒരുക്കുകയെന്നത് എല്ലാവരുടെയും ഉത്തരവാദിത്വം: മന്ത്രി വി ശിവന്‍കുട്ടി

തിരുവമ്പാടി ഗവ. യു പി സ്കൂൾ കെട്ടിടവും ആലപ്പുഴ നഗരസഭ-ബ്ലോക്ക് തല പ്രവേശനോത്സവവും ഉദ്ഘാടനം ചെയ്തു

ഏറ്റവും മികച്ച പഠനപരിസരവും അടിസ്ഥാന സൗകര്യങ്ങളുമൊരുക്കുക എന്നത് സര്‍ക്കാരിന്റെ ബാധ്യത മാത്രമല്ല നമ്മള്‍ എല്ലാവരുടെയും ഉത്തരവാദിത്വവുമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. എച്ച് സലാം എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നും ഒരു കോടി രൂപ ഉപയോഗിച്ച് നിർമിച്ച തിരുവമ്പാടി ഗവ. യു പി സ്കൂൾ കെട്ടിടവും ആലപ്പുഴ നഗരസഭ-ബ്ലോക്ക്തല പ്രവേശനോത്സവവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മക്കളുടെ ഭാവി നിര്‍മിക്കുന്നതിനുള്ള അടിത്തറയാണ് ഓരോ സ്‌കൂളുകളും. പുതിയ കാലഘട്ടത്തിനും പാഠ്യരീതികള്‍ക്കും അനുയോജ്യമായ ക്ലാസ് മുറികളും ശുചിത്വം ഉറപ്പാക്കുന്ന കാമ്പസും വായനശാലയും ഡിജിറ്റല്‍ റൂമുകളും ഉള്‍പ്പടെയുള്ള സൗകര്യങ്ങളോടെയാണ് പുതിയ സ്‌കൂള്‍ നിര്‍മിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പ്രവേശനോത്സവം നമ്മുടെ വിദ്യാഭ്യാസ സംസ്‌കാരത്തിന്റെ ശക്തമായ ഉദാഹരണമാണ്. പുതിയ അധ്യായം ആരംഭിക്കുന്ന നമ്മുടെ കുഞ്ഞുമിടുക്കര്‍ക്ക് സ്വാഗതമറിയിക്കുന്ന ദിവസമാണിത്. ഏതൊരു വിദ്യാര്‍ഥിയുടെയും ജീവിതത്തില്‍ സ്‌നേഹത്തോടെ ഓര്‍മിക്കപ്പെടുന്ന ദിനം. വിദ്യാഭ്യാസം അവകാശം മാത്രമല്ല ഓരോ കുട്ടിയുടെയും ഭാവിയെ നിര്‍വചിക്കുന്ന അടിസ്ഥാനധനം കൂടിയാണ്. അതിനായി അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും കൈകോര്‍ത്ത് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *